വ്യാപാര മേഖലയെ തളർത്തി ചില്ലറ വ്യാപാര ഉന്മൂലനം ചെയ്യുന്നരീതിയിലുള്ള നിയമ – നിബന്ധനകളും പീഢനങ്ങളും അവസാനിപ്പിച്ച് ഈ സ്വതന്ത്ര തൊഴിൽ മേഖലയെ നിലനിർത്തുന്നതിനായി കക്ഷിരാഷ്ട്രീയമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്ന കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി- സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 29ഓളം ആവശ്യങ്ങളുന്നയിച്ചുകൊണ്ട് 29-01-2024 ന് കാസർഗോഡു നിന്നും സംസ്ഥാന പ്രസിഡൻ്റ് ശ്രീ. രാജു അപ്‌സരയുടെ നേതൃത്വത്തിൽ ആരംഭിച്ച വ്യാപാര സംരക്ഷണയാത്ര വിവിധ ജില്ലകളിലൂടെ കടന്ന് ഫെബ്രുവരി 10-ാം തീയതി കോട്ടയം ജില്ലയിലെത്തുമ്പോൾ മൂന്നോളം കേന്ദ്രങ്ങളിലാണ് സ്വീകരണമൊരുക്കിയിട്ടുള്ളത്. കുറവിലങ്ങാട്, വൈക്കം, മണിമല എന്നിവിടങ്ങളിലായി നിശ്ചിത പ്രദേശങ്ങളിലെ യൂണിറ്റംഗങ്ങളെത്തിയാണ് സ്വീകരി‌ക്കേണ്ടത്. നമ്മുടെ യൂണിറ്റിലെ വ്യാപാരികൾ 10/02/2024 ശനിയാഴ്‌ച വ്യാപാരഭവനിൽ നിന്നും വൈകുന്നേരം 4 മണിയ്ക്ക് കുറവിലങ്ങാട്ടേയ്ക്കു പുറപ്പെടുന്നു. എല്ലാ അംഗങ്ങളും 3.45 പി.എം. നു തന്നെ വ്യാപാരഭവനിലെത്തുവാൻ ശ്രദ്ധിയ്ക്കുക.

ഫെബ്രുവരി 13-ാം തീയതി സംസ്ഥാനത്തെമ്പാടും കടകൾ അടച്ചിട്ടുകൊണ്ടു പണി മുടക്കു നടത്തുകയാണ്. എന്നാൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം നട ക്കുന്നതിനാൽ ഏറ്റുമാനൂർ ടൗണിൽ കടയടപ്പു ഒഴിവാക്കുവാൻ നമ്മൾക്കു മേൽഘടക ത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട് . ആയതിനാൽ ഇവിടെ കടകൾ അടയ്ക്കേണ്ടതില്ല. എങ്കിലും പരമാവധി അംഗങ്ങൾ അന്നേ ദിവസം തിരുവനന്തപുരത്തെ സമ്മേളനത്തിൽ പങ്കെടുക്കേ ണ്ടതുണ്ട്. ആയതിനാൽ അന്നത്തേയ്ക്ക് ബദൽ സംവിധാനങ്ങൾ ചെയ്‌തു പോകുന്നവരുടെ ലിസ്റ്റിൽ പേരു ചേർക്കുവാൻ എല്ലാ അംഗങ്ങളും ശ്രദ്ധിയ്ക്കുക. ഇതിലേയ്ക്കായി മുഴുവൻ അംഗങ്ങളും യൂണിറ്റുഭാരവാഹികളുടെ പക്കലോ ആഫീസിലോ മുൻകൂട്ടി പേരു നൽകുക.

തിരുവനന്തപുരം സമ്മേളനത്തിൽ പങ്കെടുക്കുവാനുള്ള വ്യാപാരി സുഹൃത്തുക്കൾ ഫെബ്രുവരി 13-ാം തീയതി ചൊവ്വാഴ്‌ച രാവിലെ 7.45ന് വ്യാപാര ഭവനിലെത്തി തയ്യാറാക്കിയി ട്ടുള്ള വാഹനങ്ങളിൽ പുറപ്പെടേണ്ടതാണ്.

ഈ വ്യാപാര സംരക്ഷണ യാത്രയിൽ നമ്മളുയർത്തുന്ന ആവശ്യങ്ങൾ പ്രത്യേക നോട്ടീസായി ഇതോടൊപ്പം ലഭിയ്ക്കുന്നതാണ്.

വ്യാപാര സംരക്ഷണ യാത്രയിലൂടെ നമ്മുടെ സംസ്ഥാന കമ്മറ്റി ഉന്നയിക്കുകയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കു സമർപ്പിയ്ക്കുകയും ചെയ്യുന്ന ആവശ്യങ്ങൾ

1) വ്യാപാരവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളും വകുപ്പുകളും ഏകോപിപ്പിച്ചു വ്യാപാര മന്ത്രാലയം രൂപീകരിക്കുക.

21 തങ്ങളുടെ ഇടപാടുകാർ അല്ലാത്തവർക്കുകൂടി ഉപയോഗിക്കുവാൻ പാകത്തിൽ ശൗചാലയങ്ങളും വേസ്റ്റ് ബിന്നുകളും വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിക്കണമെന്ന അപ്രായോഗികമായ ഉത്തരവ് പിൻവലിക്കുക.

3) മാലിന്യം നീക്കം ചെയ്യുവാൻ ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങളെ യൂസർ ഫീ (ഹരിതകർമ്മസേനാ ഫീസ്) അടയ്ക്കുന്നതിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുക.

4) നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ ഉത്പാദകരെയും മൊത്ത വിതരണക്കാരെയും കണ്ടെത്തി അവരെ നിയമത്തിനു മുൻപിൽ കൊണ്ടു വരിക ചെറുകിട വ്യാപാരികളെ വേട്ടയാടുന്ന ശിക്ഷാ നടപടികൾ നിർത്തലാക്കുക

5) ഓൺലൈൻ വ്യാപാരത്തിനു നിയന്ത്രണം എർപ്പെടുത്തുവാൻ നിയമ നിർമ്മാണം നടത്തുകയും 5% സെസ്സ് എർപ്പെടുത്തുകയും ആയതു വ്യാപാരി ക്ഷേമനിധിയിൽ നിക്ഷേപിക്കുകയും ചെയ്യുക.

6)GST യുടെ ആദ്യ വർഷങ്ങളിൽ പോർട്ടലിന്റെ അപര്യാപ്‌തത മൂലവും മറ്റും സംഭവിച്ച പിഴവുകൾ തിരുത്തുവാൻ

ഒറ്റത്തവണ അവസരം ലഭ്യമാക്കുകയും GST നിയമത്തിൻ കീഴിൽ ഉള്ള ഭീമമായ പിഴയും പലിശയും ഒഴിവാക്കുവാൻ

നടപടി സ്വീകരിക്കുക.

GST രജിസ്ട്രേഷൻ്റെ വിറ്റുവരവ് പരിധി രണ്ടു കോടിയും, FSSAI രജിസ്ട്രേഷൻ പരിധി ഒരു കോടിയും ആക്കി ഉയർത്തുക.

7) കാലങ്ങളായി കെട്ടികിടക്കുന്ന VAT നികുതി കുടിശികകളിന്മേലുള്ള പിഴയും പലിശയും ഒഴിവാക്കി നികുതി ബാധ്യതയുടെ 50% മാത്രം ഈടാക്കി മറ്റു സംസ്ഥാനങ്ങൾ നടപ്പാക്കിയ മാതൃകയിൽ ആംനസ്റ്റി സ്‌കീം നടപ്പിലാക്കുക.

8) പഞ്ചായത്ത് /മുനിസിപ്പൽ ലൈസൻസ് ഫീസ് പട്ടികയിൽ നിലവിലുള്ള സ്ലാബുകളുടെ എണ്ണം വർദ്ധിപ്പിച്ച് കുറഞ്ഞ മുതൽ മുടക്കുള്ള വ്യാപാരികളുടെ നിരക്കിൽ കുറവു മാറ്റം വരുത്തുക.

9) അമിതമായി വർദ്ധിപ്പിച്ച ട്രേഡ് ലൈസൻസ്, ലീഗൽ മെട്രോളജി ഫീസുകളും പിഴയും, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, കെട്ടിട നികുതിയിൽ വർഷം തോറും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വർദ്ധനവ് എന്നിവ പിൻവലിക്കുക.

10) സ്വർണ്ണ വ്യാപാര മേഖലയിലുള്ള ചെറുകിട/ഇടത്തരം വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഇവേ ബിൽ സംവിധാനം പിൻവലിക്കുക.

11) ഹോട്ടൽ മേഖലയിൽ കോമ്പൊസിഷൻ പരിധിയിലുള്ള വ്യാപാരികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 5% നികുതി 2% ആക്കി കുറയ്ക്കുക

12) വർദ്ധിപ്പിച്ച പെട്രോൾ ഡീസൽ സെസ്സും, ഇലക്ട്രിസിറ്റി ചാർജ്ജും പിൻവലിക്കുക.

13) ഉത്പന്നങ്ങളുടെ വിപണനം വ്യവസായം പോലെ തന്നെ പ്രധാനം ആയതിനാൽ വ്യവസായങ്ങളുടെ നിരക്കിൽ വ്യാപാര സ്ഥാപനങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കുക

14) വ്യവസായങ്ങൾക്ക് ലഭിക്കുന്ന തരത്തിൽ കുറഞ്ഞ പലിശ നിരക്കിൽ പലിശ സബ്‌സിഡിയോടു കൂടിയ വായ്‌പകൾ ചെറുകിട വ്യാപാരികൾക്ക് ലഭ്യമാക്കുക.

15) വ്യാപാരികളിൽ നിന്നും ബാങ്കുകൾ ഈടാക്കുന്ന അന്യായമായ ഫീസുകൾ, വർഷം തോറും വായ്‌പകൾ പുതുക്കുന്നതിന് ഈടാക്കുന്ന അമിത ചാർജ്ജുകൾ എന്നിവ പുനഃപരിശോധനയ്ക്കു വിധേയമാക്കുക.

വിവിധ വായ്‌പകൾക്കുള്ള ചാർജ്ജുകൾ സംബന്ധിച്ച പട്ടികകൾ ബാങ്കുകളിൽ പ്രദർശിപ്പിക്കുവാൻ നടപടി സ്വീകരിക്കുക

16) വികസനത്തിൻ്റെ പേരിൽ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും ജീവനക്കാർക്കും പുനരധിവാസവും, നഷ്ട‌പരിഹാരവും,

തൊഴിൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും സർക്കാർ ഉറപ്പ് വരുത്തുക.

17) കാർഷികോൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കുക.

18) ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിന് ആശയ രൂപീകരണം നടത്തി നയങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക

19) പട്ടയ ഭൂമിയിലെ നിർമ്മാണ നിരോധനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ശാശ്വതമായും അടിയന്തിരമായും പരിഹരിക്കുക.

20) കുടിയൊഴിപ്പിക്കൽ ദീഷണിക്ക് കാരണമാകുന്ന കേന്ദ്രസർക്കാരിൻ്റെ മോഡൽ ടെനൻസി ആക്‌ടിൽ നിന്ന് സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമനിർമ്മാണം സംസ്ഥാനത്ത് കൊണ്ടുവരുക.

21) വഴിവാണിഭവും, വാഹനങ്ങളിൽ നടത്തുന്ന കച്ചവടവും GST നിയമത്തിൻ്റെയും ഇതര നിയമങ്ങളുടെയും നഗ്നമായ ലംഘനമായി കണക്കാക്കി നിയമം മൂലം നിയന്ത്രിക്കുക.

22)വ്യാപാര മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ പഠിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും വ്യാപാര പ്രതിനിധികൾ

കൂടി ഉൾപ്പെടുന്ന വിദഗ്ദ്‌ധ സമിതിയെ നിയോഗിക്കുക.

23) കോർപ്പറേറ്റുകളോട് മത്സരിക്കുവാൻ ചെറുകിട വ്യാപാരികളെ സജ്ജരാക്കുന്ന തരത്തിൽ സഹായകമായ നിലപാടുകൾ സർക്കാർ ചർച്ച ചെയ്‌ത്‌ രൂപപ്പെടുത്തി നടപ്പിലാക്കുക.

24) കാർഷിക മേഖലയ്ക്കും, സ്റ്റാർട്ടപ്പുകൾക്കും, ചെറുകിട വ്യവസായത്തിനും നൽകുന്ന ആനുകൂല്യങ്ങൾ വ്യാപാരികൾക്കും ലഭ്യമാക്കുക.

25) ഇപ്പോൾ ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള മിനിമം വേജസ് വർദ്ധനവ് നിലവിലെ സാമ്പത്തിക മാന്ദ്യം മുൻ നിർത്തി പിൻവലിക്കുക.

26) കേവലം പബ്ലിസിറ്റിക്കും പിഴ ഈടാക്കുന്നതിനും തത്സമയ മീഡിയ കവറേജോടുകൂടി നടത്തുന്ന പരിശോധനകൾ അവസാനിപ്പിക്കുക.

27) വാഹനങ്ങളുടെ നിർമ്മിത അളവിൽ കടുതൽ വലുപ്പമുള്ള സാധനങ്ങൾ കൊണ്ടുപോകുന്നതിൻ്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് ഭീമമായ പിഴ ചുമത്തുന്ന നടപടി അവസാനിപ്പിക്കുക.

28) വ്യാപാരികളെ മൂലധന ശോഷണത്തിലേയ്ക്കും പൂർണ്ണമായ തകർച്ചയിലേയ്ക്കും കൊണ്ടെത്തിക്കുന്ന തരത്തിൽ വ്യാപാരവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിൽ നിർദ്ദേശിക്കപ്പെടുന്ന വർദ്ധിപ്പിച്ച നിരക്കുകൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കുക.

29) ദേശീയ പാതയോരത്തു നിർമ്മിക്കുന്ന പുതിയ കെട്ടിടങ്ങൾക്കു നമ്പർ കൊടുക്കുവാൻ പഞ്ചായത്തുകൾ അക്സസ് പെർമിറ്റ് ആവശ്യപ്പെടുന്നത് അവസാനിപ്പിക്കുക.